Friday, July 26, 2013

ഓന്ത്


അഞ്ചുവർഷത്തിനു ശേഷം
ആ ഋതു വീണ്ടും വന്നപ്പോൾ
പതിവുപോലെ അയാൾ
വീട്ടിലേക്കു കയറി വന്നു.

മതിലിൻമേലും
വൈദ്യുതിക്കാലിൻമേലും
പതിഞ്ഞുകാണാറുള്ള
അതേ പുഞ്ചിരി.

സൗമ്യം, ഊഷ്മളം.

"നമുക്കുതന്നെ ചെയ്യണം.
ചിഹ്നം മറന്നിട്ടില്ലല്ലോ..."

പതിവു പോലെ അയാൾ
വാഗ്ദത്തഭൂമി വർണ്ണിച്ചപ്പോൾ
ഇടംകയ്യിലെ ചൂണ്ടുവിരൽ
അറിയാതെ ഓച്ഛാനിച്ചു നിന്നു.

ആ ഋതു മടങ്ങിപ്പോയി.
അയാളും.
രണ്ടും പിന്നെ തിരികെ വന്നിട്ടില്ല .

അയാളുടെ ചിഹ്നം മാത്രം 
വീട്ടുവളപ്പിലെ
കുറ്റിച്ചെടികൾക്കിടയിൽ
ഒളിച്ചിരുന്ന്
നാക്കു നീട്ടി
പ്രാണികളെ
പിടിച്ചുതിന്നുകൊണ്ടേയിരുന്നു.

വളപ്പൊട്ടുകൾ


പണ്ടെന്നോ
മുറ്റത്തു ചിതറിത്തെറിച്ച
വളപ്പൊട്ടുകൾ പെറുക്കിയെടുക്കുന്ന
കൊച്ചു കുട്ടിയെപ്പോലെ
ഒറ്റയ്ക്കു നടക്കുമ്പോൾ
ഞാൻ ഓർമ്മകൾ തിരയുന്നു.

തിരിച്ചു കിട്ടിയ വളപ്പൊട്ടുകളുടെ
നിറം മങ്ങിയിരുന്നു,
തിളക്കം മാഞ്ഞിരുന്നു...
എങ്കിലും ചിതലരിച്ചിരുന്നില്ല.
ചുട്ടുപൊള്ളുന്ന കനൽപ്പാതയിലൂടെ
ദശാബ്ദങ്ങൾ പിന്നിട്ട്
ഉരുകിയൊലിച്ച പാദരക്ഷകളുമായി
വീട്ടുമുറ്റത്ത്‌ തിരികെയെത്തുമ്പോൾ
എന്തുകൊണ്ടോ അവ
എന്റെ പാദങ്ങളിൽ തുളഞ്ഞു  കയറുന്നു..
മഴയും വെയിലും സമ്മാനിച്ച കുന്തമുനകളിൽ
കാലം മറന്നുവെച്ച
മധുരിക്കുന്ന വിഷത്തുള്ളികൾ
എന്നിൽ കുത്തി വെയ്ക്കുന്നു..!

രക്തം പുരണ്ട മുനകളോടെ
അവ പാദത്തിൽ നിന്നും
പിഴുതെടുത്ത്‌
കഴുകിയുണക്കി
ചില്ലു പാത്രത്തിൽ ഇട്ടുവെയ്ക്കട്ടെ ഞാൻ.

എത്രയൊക്കെ കൂട്ടിയിണക്കിയാലും
പഴയ കുപ്പിവളകളാവാൻ
ഈ വളപ്പൊട്ടുകൾക്കു  കഴിയില്ലല്ലോ!

Thursday, July 25, 2013

അടച്ചുവെച്ച ഹൃദയം


നീയറിയാതെ നിന്നെ സ്നേഹിച്ചു ഞാൻ
നീലരാത്രി നിലാവിനെയെന്നപോൽ.
എത്ര ഗുപ്തമാ,യെത്രമേൽ ദീപ്തമായ്
എത്രയേറെ വിശുദ്ധമായ്,ഭ്രാന്തമായ് .
നിന്നിലൂടെ വളർന്നു പുഷ്പിക്കുവാൻ
എന്റെ മോഹങ്ങൾ വേരിറക്കുമ്പൊഴും
കാത്തിരിപ്പും വിരഹവും കൈ പിടി-
ച്ചീർപ്പമാർന്നു തഴച്ചു പൊന്തുമ്പൊഴും
ചായമിട്ടു പകലു മായുമ്പൊഴും
രാവു നിദ്രാവിഹീനമാകുമ്പൊഴും
നീരദങ്ങൾ തിരണ്ടു നിൻ പാതകൾ
നീളെ വെള്ളിപ്പളുങ്കു ചിന്നുമ്പൊഴും
നീയറിഞ്ഞിരുന്നില്ല,നീയെൻ തണൽ
ചാഞ്ഞ ചില്ലയിൽ കൂടൊരുക്കുന്നതും
വാരിളം കൈകൾ നീട്ടിയെൻ യൗവനം
വാരി നിന്നെയെടുത്തു ചുംബിച്ചതും.

നീയറിയാതെ  നിശ്ശബ്ദസത്യമായ്
ദിവ്യസങ്കീർത്തനത്തിന്റെയീണമായ്
ദൂരമേറെ നിൻ പാദം പതിഞ്ഞ മണ്‍-
വീഥി തോറും തിരഞ്ഞു പോവുന്നു ഞാൻ.
തെരുവിളക്കിൻ വിജനതയ്ക്കപ്പുറം
ഇരുളിലൊറ്റയ്ക്കു വേച്ചു വീഴുമ്പൊഴും
അഴലു കത്തുന്ന സായന്തനങ്ങളിൽ
മെഴുകു പോലെയെരിഞ്ഞു നോവുമ്പൊഴും.
നീയറിയാതെയെത്ര നാളിങ്ങനെ..?
നീയറിയുമ്പോൾ...അന്നു ഞാൻ... എങ്ങനെ?
നാമിരുവരും കണ്ടുമുട്ടുമ്പൊളെ -
ന്തായിരിക്കും ഋതുക്കൾ മോഹിക്കുക?
നീയറിയാതെയെങ്കിലും അത്രമേൽ...
അത്രമേൽ നിന്നെ സ്നേഹിച്ചു പോകയാൽ
ഇക്കവിത പൊഴിഞ്ഞുതീരും മുമ്പ്‌
ഹൃത്തു വീണ്ടുമടച്ചുവെയ്ക്കുന്നു ഞാൻ.    

Thursday, July 18, 2013

തടാകം


എനിക്ക് ഒരു കടമുണ്ട് .
ഒരിക്കലും  വീട്ടാനാവാത്ത ഒരു
പത്തു മാസത്തിന്റെ  കടം .

പിറന്നു വീണ കാലം തൊട്ട്
എന്നിലേക്ക്‌ ഒഴുകിയിരുന്നു,
ഒരു തടാകം .
അന്ന്, അതെനിക്ക്
ഉപാധികളില്ലാതെ കടം  തന്ന
ഓരോ തുള്ളികള്‍ക്കും
ജീവിതകാലം  മുഴുവന്‍ ഞാന്‍
അതിനോടു  കടപ്പെട്ടിരിക്കുന്നു .

എല്ലാ ഉരുള്‍പൊട്ടലുകളെയും
 അത് ഉള്ളിലേക്കു വലിച്ചെടുക്കുന്നു .
എല്ലാ മരുഭൂമികളിലേക്കും അത്
കുളിര്‍കാറ്റു പകരുന്നു .

ഉറവകള്‍ വറ്റിയാലും തടാകങ്ങളില്‍ 
ആഴങ്ങള്‍ ബാക്കിയാകും .
തിരിച്ചു കിട്ടാത്ത കടങ്ങളെ
അതു തന്നില്‍
അലിയിച്ചു ചേര്‍ത്തുകൊണ്ടിരിക്കും...

സന്ധ്യയ്ക്ക്  വെളുത്ത  പായല്‍ വന്നു മൂടുമ്പോഴും .

കല്ല്

 
"നിങ്ങളില്‍ പാപം ഇല്ലാത്തവന്‍
ആദ്യം  ഇവളെ കല്ലെറിയട്ടെ."

ഠിം !!

മുഖംമൂടിയിട്ട
ആദ്യത്തെ കല്ല്
ഉന്നം  തെറ്റി
കര്‍ത്താവിന്റെ നെറ്റിക്കു തന്നെ!

Saturday, September 11, 2010

Poetry is the sister of sorrow...
Man who suffers and weeps is a poet.
Every tear is a verse..
And every heart is a poem....!