നീയറിയാതെ നിന്നെ സ്നേഹിച്ചു ഞാൻ
നീലരാത്രി നിലാവിനെയെന്നപോൽ.
എത്ര ഗുപ്തമാ,യെത്രമേൽ ദീപ്തമായ്
എത്രയേറെ വിശുദ്ധമായ്,ഭ്രാന്തമായ് .
നിന്നിലൂടെ വളർന്നു പുഷ്പിക്കുവാൻ
എന്റെ മോഹങ്ങൾ വേരിറക്കുമ്പൊഴും
കാത്തിരിപ്പും വിരഹവും കൈ പിടി-
ച്ചീർപ്പമാർന്നു തഴച്ചു പൊന്തുമ്പൊഴും
ചായമിട്ടു പകലു മായുമ്പൊഴും
രാവു നിദ്രാവിഹീനമാകുമ്പൊഴും
നീരദങ്ങൾ തിരണ്ടു നിൻ പാതകൾ
നീളെ വെള്ളിപ്പളുങ്കു ചിന്നുമ്പൊഴും
നീയറിഞ്ഞിരുന്നില്ല,നീയെൻ തണൽ
ചാഞ്ഞ ചില്ലയിൽ കൂടൊരുക്കുന്നതും
വാരിളം കൈകൾ നീട്ടിയെൻ യൗവനം
വാരി നിന്നെയെടുത്തു ചുംബിച്ചതും.
നീയറിയാതെ നിശ്ശബ്ദസത്യമായ്
ദിവ്യസങ്കീർത്തനത്തിന്റെയീണമായ്
ദൂരമേറെ നിൻ പാദം പതിഞ്ഞ മണ്‍-
വീഥി തോറും തിരഞ്ഞു പോവുന്നു ഞാൻ.
തെരുവിളക്കിൻ വിജനതയ്ക്കപ്പുറം
ഇരുളിലൊറ്റയ്ക്കു വേച്ചു വീഴുമ്പൊഴും
അഴലു കത്തുന്ന സായന്തനങ്ങളിൽ
മെഴുകു പോലെയെരിഞ്ഞു നോവുമ്പൊഴും.
നീയറിയാതെയെത്ര നാളിങ്ങനെ..?
നീയറിയുമ്പോൾ...അന്നു ഞാൻ... എങ്ങനെ?
നാമിരുവരും കണ്ടുമുട്ടുമ്പൊളെ -
ന്തായിരിക്കും ഋതുക്കൾ മോഹിക്കുക?
നീയറിയാതെയെങ്കിലും അത്രമേൽ...
അത്രമേൽ നിന്നെ സ്നേഹിച്ചു പോകയാൽ
ഇക്കവിത പൊഴിഞ്ഞുതീരും മുമ്പ്
ഹൃത്തു വീണ്ടുമടച്ചുവെയ്ക്കുന്നു ഞാൻ.