Friday, July 26, 2013

വളപ്പൊട്ടുകൾ


പണ്ടെന്നോ
മുറ്റത്തു ചിതറിത്തെറിച്ച
വളപ്പൊട്ടുകൾ പെറുക്കിയെടുക്കുന്ന
കൊച്ചു കുട്ടിയെപ്പോലെ
ഒറ്റയ്ക്കു നടക്കുമ്പോൾ
ഞാൻ ഓർമ്മകൾ തിരയുന്നു.

തിരിച്ചു കിട്ടിയ വളപ്പൊട്ടുകളുടെ
നിറം മങ്ങിയിരുന്നു,
തിളക്കം മാഞ്ഞിരുന്നു...
എങ്കിലും ചിതലരിച്ചിരുന്നില്ല.
ചുട്ടുപൊള്ളുന്ന കനൽപ്പാതയിലൂടെ
ദശാബ്ദങ്ങൾ പിന്നിട്ട്
ഉരുകിയൊലിച്ച പാദരക്ഷകളുമായി
വീട്ടുമുറ്റത്ത്‌ തിരികെയെത്തുമ്പോൾ
എന്തുകൊണ്ടോ അവ
എന്റെ പാദങ്ങളിൽ തുളഞ്ഞു  കയറുന്നു..
മഴയും വെയിലും സമ്മാനിച്ച കുന്തമുനകളിൽ
കാലം മറന്നുവെച്ച
മധുരിക്കുന്ന വിഷത്തുള്ളികൾ
എന്നിൽ കുത്തി വെയ്ക്കുന്നു..!

രക്തം പുരണ്ട മുനകളോടെ
അവ പാദത്തിൽ നിന്നും
പിഴുതെടുത്ത്‌
കഴുകിയുണക്കി
ചില്ലു പാത്രത്തിൽ ഇട്ടുവെയ്ക്കട്ടെ ഞാൻ.

എത്രയൊക്കെ കൂട്ടിയിണക്കിയാലും
പഴയ കുപ്പിവളകളാവാൻ
ഈ വളപ്പൊട്ടുകൾക്കു  കഴിയില്ലല്ലോ!

No comments:

Post a Comment