Monday, November 25, 2013

മൗനം വിവര്ത്തനം ചെയ്യപ്പെടുന്നു

നിന്റെ മൗനത്തെ ഞാൻ
പ്രണയത്തിന്റെ ഭാഷയിലേക്ക്
വിവര്ത്തനം ചെയ്യട്ടെ?

മൗനത്തിലെന്നപോലെ
പ്രണയത്തിലും
ഒരു നിമിഷം കൊണ്ട്
ഉടഞ്ഞു വീഴാവുന്ന മഞ്ഞുതുള്ളികളുണ്ട്,
വാക്കുകൽക്കില്ലാത്ത ആഴങ്ങളുണ്ട്,
നിശ്ചലമായിപ്പോവുന്ന അരുവികളുണ്ട്‌.

മൗനത്തെപ്പോലെ പ്രണയവും
ചോദ്യമോ ഉത്തരമോ
അവയുടെ പ്രതിധ്വനികളോ
അവശേഷിപ്പിക്കുന്നില്ല.
മൗനവും പ്രണയവും
ഒരിക്കലും
ഒറ്റ വാക്കിൽ അവസാനിക്കുന്നുമില്ല!

ഓർക്കാപ്പുറത്തു തൂവല് പൊഴിക്കുന്ന
കാർമേഘങ്ങൾ
മൗനത്തിലെന്നപോലെ പ്രണയത്തിലുമുണ്ട്.
ഒരിക്കലും വ്യാഖ്യാനിക്കപ്പെടാത്ത്ത
കൊടുങ്കാറ്റുകളും.

അതുകൊണ്ട് പ്രിയപ്പെട്ടവളേ,
നിന്റെ മൌനത്തെ ഞാൻ
പ്രണയത്തിന്റെ ഭാഷയിലേക്ക്
വിവര്ത്തനം ചെയ്യുകയാണ്...
രണ്ടു ഭാഷയിലും ലിപി
ഒന്നുതന്നെയെങ്കിലും!

നിന്റെ മൗനത്തിന്റെ പകര്പ്പവകാശം
എന്നും എന്റേതു മാത്രമായിരിക്കട്ടെ...

Thursday, November 14, 2013

വിഷാദഗീതം

എത്ര വിഷാദഭരിതമീ സന്ധ്യ
നിദ്രാവിഹീനമീ യാമങ്ങളെല്ലാം.
കാതരമാകും നിഴലുകലെണ്ണി- 
ത്തീരാതെ നില്ക്കുന്നു ഞാനേറെ മൂകം.
ഇക്കൊച്ചു വെള്ളിമലരുകൾക്കൊന്നും
നിന്നെയുണർത്തുവാനാവില്ല തെല്ലും
തീരാത്ത ദുഃഖതമസ്സിന്റെ തേരിൽ
ദൂരേക്കു ദൂരേക്കു പോയി നീ മാഞ്ഞൂ!
നിന്നെത്തിരികെയയയ്ക്കുവാൻ വിണ്ണിൽ
നന്നേ മടിക്കുന്ന മാലാഖവൃന്ദം
നിന്നോടു ചേരുവാൻ മോഹിച്ചു നില്ക്കും
എന്നോടു നീരസം ഭാവിക്കയാമോ?

സന്ധ്യവിഷാദഭരിത,മീ ഛായാ-
ബിംബങ്ങൾ മാത്ര മെനിക്കൊപ്പമിപ്പോൾ..
സന്ദാപപൂർവ്വം  ഹൃദയത്തിലാളും 
ചിന്തയിലെല്ലാമൊടുങ്ങുന്നു മന്നിൽ!

കത്തും മെഴുതിരി, പ്രാർത്ഥനാഗാനം....
ഓർത്തു കരയുവാൻ പാടില്ലയെന്നെ.
പോകുവാനേറെ കൊതിക്കുന്നു, പ്രാണൻ
പോകുന്ന മൃത്യു കനവല്ല മേലിൽ.

ആത്മാവിലൂറുമെന്നന്ത്യനിശ്വാസം
ലാളിച്ചു നിന്നെ യനുഗ്രഹിച്ചെങ്കിൽ!

സ്വപ്നം- നിരർത്ഥകമായൊരെൻ മിഥ്യാ-
സ്വപ്നം വെടിഞ്ഞു ഞാൻ കണ്‍തുറക്കുമ്പോൾ
നിത്യസുഷുപ്തിയിലാണ്ടു നീയെന്റെ
ഹൃത്തിന്റെയാഴത്തിലെന്നേക്കുമായി!
മോഹിച്ചു പോകയാണെന്റെ സ്വപ്‌നങ്ങൾ
പിന്തുടർന്നെത്താതിരിക്കട്ടെ നിന്നെ
എങ്കിലും പ്രാണൻ മൊഴിയുന്നു വീണ്ടും...
എത്ര മേലാശിച്ചിരുന്നു ഞാൻ നിന്നെ..!

(Translation of the 'Gloomy Sunday' By Billie holiday)

Thursday, November 7, 2013

നീയെന്നെ ചുംബിച്ചില്ലെങ്കിൽ

ഉറവകളരുവിയൊടൊരുമിക്കുന്നൂ
അരുവി സമുദ്രത്തോടു രമിപ്പൂ.
വാനിൽ നിന്നുമുതിർക്കും തെന്നൽ
വാരൊടു തമ്മിൽച്ചേർന്നു ലയിപ്പൂ.

ഭൂമിയിലേകാകിത്വമനർത്ഥം;
ദിവ്യപ്രമാണത്താലിവിടെല്ലാം
ചേതനയൊന്നിൽ കൂടിക്കലരിലു-
മെന്തേ നീയും ഞാനും മാത്രം....

കാണുക- വാനിനു ചുംബനമേകും
പർവ്വത നിരകളെ, തമ്മിൽപ്പുണരും
തിരകളെ,യൊറ്റയ്ക്കുണരും പൂവിനു
മാപ്പു ലഭിക്കുകയില്ലൊരു നാളും!

ഉലകിനെയാശ്ലേഷിപ്പൂ സൂര്യൻ,
കടലിനു ചുംബനമേകും ചന്ദ്രൻ... 
നിഷ്ഫലമാകുമിതെല്ലാം, നീയി-
ന്നെന്നെച്ചുംബിക്കാതെയിരുന്നാൽ !

*വിശ്വപ്രസിദ്ധ കവി പി.ബി.ഷെല്ലിയുടെ 'Love's philosophy' എന്ന കവിതയുടെ മലയാള പരിഭാഷ