അഞ്ചുവർഷത്തിനു ശേഷം
ആ ഋതു വീണ്ടും വന്നപ്പോൾ
പതിവുപോലെ അയാൾ
വീട്ടിലേക്കു കയറി വന്നു.
മതിലിൻമേലും
വൈദ്യുതിക്കാലിൻമേലും
പതിഞ്ഞുകാണാറുള്ള
അതേ പുഞ്ചിരി.
സൗമ്യം, ഊഷ്മളം.
"നമുക്കുതന്നെ ചെയ്യണം.
ചിഹ്നം മറന്നിട്ടില്ലല്ലോ..."
പതിവു പോലെ അയാൾ
വാഗ്ദത്തഭൂമി വർണ്ണിച്ചപ്പോൾ
ഇടംകയ്യിലെ ചൂണ്ടുവിരൽ
അറിയാതെ ഓച്ഛാനിച്ചു നിന്നു.
ആ ഋതു മടങ്ങിപ്പോയി.
അയാളും.
രണ്ടും പിന്നെ തിരികെ വന്നിട്ടില്ല .
അയാളുടെ ചിഹ്നം മാത്രം
വീട്ടുവളപ്പിലെ
കുറ്റിച്ചെടികൾക്കിടയിൽ
ഒളിച്ചിരുന്ന്
നാക്കു നീട്ടി
പ്രാണികളെ
പിടിച്ചുതിന്നുകൊണ്ടേയിരുന്നു.
loved this one.....
ReplyDelete