അവളുടെ വീട്ടിലെ ചില്ലലമാര ശൂന്യമായിരുന്നു.
ഒരുപാടു കൗതുകവസ്തുക്കൾ കൈവശമുണ്ടായിരുന്നെങ്കിലും
അവയൊന്നും ആ അലമാരയിൽ വയ്ക്കാൻ യോഗ്യമാണെന്ന്
അവൾക്കു തോന്നിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് ആ പ്രതിമ
അവളുടെ കണ്ണിൽപ്പെട്ടത്.
അതിമനോഹരമായ ഒരു കൽപ്രതിമ.
അജ്ഞാതനായ ഏതോ കലാകാരന്റെ മഹത്തായ സൃഷ്ടി.
നിമിഷാർദ്ധം കൊണ്ട് ആ ഇരുണ്ട ശിൽപം അത്ഭുതകരമായി
അവളുടെ മനസ്സിനെ കീഴ്പ്പെടുത്തിക്കളഞ്ഞു.
തുച്ഛമായ വിലയ്ക്ക് അവൾ ആ പ്രതിമ വാങ്ങി.
തന്റെ ചില്ലലമാരയിൽ പ്രതിഷ്ഠിച്ചു.
അന്വേഷിച്ചതു കണ്ടെത്തിയതിന്റെ സംതൃപ്തി
അവളുടെ മുഖത്തു പ്രതിഫലിച്ചു.
എന്നും രാവിലെ അവൾ ആ അലമാരയും ശില്പവും തുടച്ചു വൃത്തിയാക്കി.
പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.
ആ പ്രതിമയുടെ നിശ്ചലമായ കണ്ണുകളിൽ നിന്നും
അവൾ അനശ്വരതയുടെ സങ്കീർത്തനം വായിച്ചെടുത്തു.
തന്റെ അലമാരയിൽ വയ്ക്കാൻ ഏററവും യോജിച്ച വസ്തു
അതു തന്നെയാണെന്ന് അവൾ ഉറച്ചു വിശ്വസിക്കുകയും ചെയ്തു.
നിമിഷങ്ങൾ ഋതുക്കളായി.
അതിൽ കാലത്തിന്റെ പൂക്കൾ കൊഴിഞ്ഞു വീണു.
പ്രതിമ പൊടി പിടിച്ചു തുടങ്ങി.
ചിലന്തികൾ വിസ്മൃതി നെയ്തുകൂട്ടി .
അവളുടെ ദൃഷ്ടിയിൽ ആ ശിൽപം ഒരു കരിനിഴലായി മാറിക്കഴിഞ്ഞിരുന്നു.
പുതുമ നഷ്ടപ്പെട്ടപ്പോൾ അതിന്റെ കണ്ണുകൾ നിർജ്ജീവമായതായും
ഐശ്വര്യം നഷ്ടപ്പെട്ടതായും അവൾക്കു തോന്നി.
അത് പാഴായും ഇരുളായും കിടന്നു.
ശില്പചാതുരിയുടെ ആ അമൂല്യഗോപുരം അവൾക്കു മുമ്പിൽ വെറും കരിങ്കല്ലായിത്തീർന്നു.
ആ ശിൽപം തന്റെ സ്വീകരണമുറിക്ക് തീർത്തും അരോചകമാണെന്നു തോന്നിയ നിമിഷത്തിൽ
അവൾ അതെടുത്ത് ജനാലയിലൂടെ നിഷ്കരുണം പുറത്തേക്കു വലിച്ചെറിഞ്ഞു!
മറ്റു കല്ലുകൾക്കിടയിൽ ഉന്നതങ്ങളിൽ നിന്നും വലിച്ചെറിയപ്പെട്ട കല്ലുകളായി
ആ പ്രതിമ തകര്ന്നുകിടന്നു!
ചില്ലലമാര വീണ്ടും തുടച്ചു വൃത്തിയാക്കപ്പെട്ടു.
അവൾ പുതിയ കൗതുകവസ്തുക്കൾ തേടി.
അപ്പോഴും ആ പ്രതിമ ജനാലയ്ക്കപ്പുറത്ത് തകര്ന്നു കിടക്കുന്നുണ്ടായിരുന്നു.
അനശ്വരതയുടെ സങ്കീര്ത്തനം തുടിച്ചിരുന്ന ആ കണ്ണുകളിൽ വിഷാദം നിറഞ്ഞു നിന്നു.
ആ കല്ലുകളിൽ ആരും കാണാത്ത നിഷ്കളങ്കമായ ഒരു ഹൃദയമുണ്ടായിരുന്നു!
